8/02/2006

പാവനസ്മരണ

'വാട്ട്‌ ഈസ്‌ യുവര്‍ നെയിം?'

ഇതിലെന്താ ഇത്ര പുതുമ, അല്ലെ? കാര്യണ്ട്‌.

ശരിക്കും പറഞ്ഞാല്‍ കൊല്ലവര്‍ഷം 1984 മെയ്‌ മാസത്തിലെ ചൂടുള്ള ഒരു ദിവസം.

കോഴിമുട്ട ട്ടേബിളിന്റെ ചുറ്റും കുറേ കസേരകളും ബഞ്ചുകളും, അതിലിരിക്കാന്‍ കുരിശ്‌ കഴുതില്‍ തൂക്കിയ കുറേ മൊട്ടച്ചികളും അല്ലാത്തവരും. ചുറ്റും നിക്കാന്‍ സാരിത്തലപ്പുകൊണ്ട്‌ വിയര്‍പ്പാറ്റുന്ന കുറേ അമ്മമാരും, വായില്‍ വിരലിട്ട്‌ ചപ്പി നിക്കുന്ന ഉണ്ണികളും.

സംഭവം നടക്കുന്നത്‌ പി.സി.ജി.എച്ച്‌.സ്കൂള്‍ വെള്ളിക്കുളങ്ങരയുടെ ഓഫീസ്‌ മുറിയുടെ മുന്നിലെ വട്ടമേശയില്‍. കൂടി നില്‍ക്കുന്ന ഉണ്ണികള്‍ക്ക്‌ എല്‍.കെ.ജി - യില്‍ സീറ്റ്‌ കിട്ടോന്ന് അറിയാനുള്ള കൂട്ടം.

ആ കൂട്ടത്തില്‍ ഞാനുണ്ട്‌ട്ടൊ, ഒപ്പം അമ്മയും. 'ഇതാരടപ്പാ' എന്നമട്ടില്‍ എന്നെ നോക്കി കൊറേ പേരും , തിരിച്ച്‌ ഞാനോ, 'ഞാനാടാ പുലി, നീ പോ മോനേ', എന്ന രീതി. ഈ എല്‍.കെ.ജി പ്രവേശനം എന്ന മഹാസംരഭത്തിനു ഞാനും അമ്മയും കൂടാണ്ട്‌, ചെംബ്ബുച്ചിറ സിറ്റീന്ന്, തണ്ടാശ്ശേരി ആശ ആന്‍ഡ്‌ ഫാമിലി, ചുക്കത്ത്‌ റിജില്‍ ആന്‍ഡ്‌ ഫാമിലി തുടങ്ങിയവരും ഉണ്ട്‌. എന്റെ മെയിന്‍ എതിരാളികള്‍. ഇപ്പറഞ്ഞവരൊക്കെ വന്‍ ടീംസാണു കേട്ടോ!.

ഒരു സിസ്റ്ററു വന്ന് പേരും നാളും എഴുതി വാങ്ങീട്ട്‌ പോയി. നമ്മുടെ പേരു മാത്രം വിളിക്‌ക്‍ണു കേക്കാനില്ല. ലേബര്‍ റൂമിന്റെ പൊറത്ത്‌ ആണോ പെണ്ണോ എന്നറിയാനുള്ള ടെന്‍ഷ്‌ന്‍ ആയിരുന്നു അമ്മേടെ മോത്ത്‌. കുറച്ച്‌ കഴിഞ്ഞപ്പോള്‍ നമ്മുടെ എതിരാളീസ്‌ ആന്‍ഡ്‌ ഫാമിലി വന്ന് അമ്മയോട്‌ പറഞ്ഞു,

'അയ്യോ, വിളിച്ചില്ലേ?,ഞങ്ങളു പൂവ്വട്ടാ!'.

അമ്മ ഒന്നും മിണ്ടാണ്ട്‌ തലയാട്ടി നിന്നു. ഞനിക്കണെങ്കി പൈസക്കാരുടെ മക്കളും കെട്ട്യോളായിട്ട്‌ ഞനിക്കണന്ന് തോന്നീട്ട്‌ണ്ടാവും അമ്മക്ക്‌. കുറച്ച്‌ കഴിഞ്ഞപ്പോ പിന്നേം സിസ്റ്റ്‌റു വന്ന്

'നിക്കൂട്ടാ, നോക്കട്ടെ' എന്നും പറഞ്ഞ്‌ പോയി.

ഉണ്ണണ്ട സമയായപ്പോള്‍ മൊട്ടച്ചികളെല്ലാം എണീറ്റ്‌ പോയിതുടങ്ങി. 'സീറ്റില്ല്യാട്ടാ, ഫില്ലായി, പൊക്കോളൂ.' - സിസ്റ്റര്‍ മൃദുസ്വരം ഗാംഭീര്യമാക്കി പറഞ്ഞു.

അമ്മക്കത്‌ കേട്ടട്ട്‌ ഒട്ടും സഹിച്ചില്ല. 'സീറ്റ്‌ തരൂ, സീറ്റ്‌ തരൂ' എന്ന മുദ്രാവാക്യം യാചനയുടെ രൂപത്തില്‍ അമ്മ വിളിച്ചുകൊണ്ടിരുന്നു.

ഇടക്കിടക്ക്‍ എന്നെ നോക്കുന്ന സിസ്റ്ററിനു ഞാന്‍ ഒരു ചിറി പാസ്സാക്കി വിട്ടു, പോയാ പോയി, കിട്ട്‌യാ കിട്ടി എന്ന മട്ടില്‍. അതേറ്റു, എന്നെ വിളിപ്പിച്ചു. ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യു!.

വട്ടമേശയുടെ സൈടിലിട്ട ബെഞ്ചില്‍ സിസ്റ്ററിരുന്നു. തൊട്ടടുത്ത്‌ ഞാനും അമ്മയും നിന്നു. എന്നെ നോക്കി സിസ്റ്റര്‍ ചോദിച്ചു,

'വാട്ട്‌ ഈസ്‌ യുവര്‍ നെയിം?' ഞാന്‍ പിന്നെ ഒന്നും അലോചിച്ചില്ല, ഉടനെ എന്റെ മറുപടി കൊടുത്തു.

'ബാബാ ബ്ലാക്ക് ഷീപ്പ് ഹാവ് യു എനി വൂള്‍..'

ഇത്ര നീളമുള്ള പേരു താളത്തില്‍ പാടിയത്‌ കൊണ്ടാവും സിസ്റ്റര്‍ ചിരിയൊട്‌ ചിരി. അത്ര നേരം കനം പിടിച്ചു നിന്ന അമ്മയും സിസ്റ്റര്‍ക്കൊരു കമ്പനി കൊടുത്തു ചിരിച്ചു. ഇനി ഞാന്‍ മാത്രം എന്തിനു ചിരിക്കാണ്ടിരിക്കണം എന്നോര്‍ത്ത്‌ ഞാനും പൊട്ടിച്ചിരിച്ചു!

എന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് കോരിത്തരിച്ച് എന്റെ പുറത്തു തട്ടിക്കൊണ്ട്‌ സിസ്റ്റര്‍ പറഞ്ഞു, 'സ്മാര്‍ട്‌ ബോയ്‌ സ്മാര്‍ട്‌ ബോയ്‌'.
അങ്ങിനെ എന്റെ ആദ്യത്തെ ഇന്റര്‍വ്യു സഫലം!.

കടപ്പാട്‌ : ചെവീലു പഞ്ഞീം വച്ച്‌ ഇന്‍ഡ്യന്‍ എയര്‍ ലയിന്‍സിന്റെ വിമാനതിലു കൊച്ചീന്ന് ബോംബെക്ക്‍ പറന്ന്, അച്ചനെ കാണാന്‍ പോയി തിരിച്ച്‌ വന്നപ്പോള്‍ അമ്മകൊണ്ടുവന്ന എ.ബി.സി.ഡി. പുസ്തകങ്ങളോട്‌....സ്ക്കൂളില്‍ പോണേനു മുന്ന് അതൊക്കെ പഠിപ്പിച്ചു‌ തന്ന എന്റെ അമ്മക്ക്‍.....ആദ്യത്തെ ഇന്റര്‍വ്യുവില്‍ എന്നെ പാസ്സക്കി വിട്ട പാവന സിസ്റ്ററിന് ‍.... പിന്നെ, സിസ്റ്ററിന്റെ ആ ഇംഗ്ലീഷ് ചോദ്യത്തിന്, മറുപടി മണിമണിപോലേ ഇംഗ്ലീഷില്‍ പൂശിയ എനിക്കും !