2/12/2010

ഓഫീസ് പ്രൊപോസല്‍

മലയാളികളുടെ അധിനിവേശം കൊണ്ട് അലങ്കോലപ്പെടാത്ത ഒരു ബാംഗ്ലൂര്‍ ഐ ടി കമ്പനി. (അങ്ങിനെ ഒരു കമ്പനിയോ, എന്നാ സംശയ നിവാരണത്തിലേക്ക് - ഇത് കമ്പനിയുടെ ആദ്യകാല ചരിതം.) വിരലില്‍ എണ്ണാവുന്ന മലയാളികള്‍ . എല്ലാവരും പരസ്പരം അറിയും . പുരുഷപ്രജകള്‍ ആണ് കൂടുതല്‍ . ആകെയുള്ള സ്ത്രീശക്തി വിവാഹിതയും . കുറച്ചു മലയാളികളേ ഉണ്ടായിരുന്നുള്ളു എങ്കിലും, ടീമുകളും ഗ്യാങ്ങുകളും പലതായിരുന്നു . എ സി കാന്റീനിലെ ഊണും, ബ്രെകൌട്ട് ഏരിയയിലെ ചായകുടിയും നിര്‍വിഘ്നം തുടരവേ, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കമ്പനി ഫ്രെഷ് പുലികളെ റിക്രൂട്ട് ചെയ്തു.
ബ്രെകൌട്ട് ഏരിയയില്‍ ഞങ്ങള്‍ മൂന്നാല് മല്ലുസ് വെറുതെ കിട്ടുന്ന ബൂസ്ടും ഹോര്‍ലിക്ക്സും കുടിച്ചിരിക്കുന്നു (സാമ്പത്തികമാന്ദ്യത്തിനു വളരെ മുന്‍പ് ). പുതിയ പിള്ളേരെ 'ഫെസിലിടി ടൂര്‍ ' എന്നും പറഞ്ഞു ചുമ്മാ ഓഫീസ് മുഴുവന്‍ നടത്തിക്കുന്ന സെക്യൂരിറ്റി ഹെഡ് , വര്‍ഗീസേട്ടന്‍ . ഇത് ഗംഗ , അത് യമുന, അതിന്ടപ്പുറത്തെ കാവേരി. ഇതെല്ലാം എങ്ങിനെ ഇവിടെ എത്തി എന്ന് അന്തം വിട്ടു നിക്കുന്ന പിള്ളേരോട് എതിര്‍ദിശയില്‍ കൈചൂണ്ടി പറഞ്ഞു , അതാണ് ഹിമാലയം. അവിടെ നിങ്ങള്‍ക്കൊന്നും അങ്ങിനെ പോകേണ്ടി വരില്ല . (ആശ്വാസം !) തീ പിടിച്ചാല്‍ പുറത്തു ചാടേണ്ട വഴി കാണാന്‍ മുന്നോട്ടു നടക്കുമ്പോള്‍ , സൈഡിലെ ചില്ലിട്ട വാതിലുകള്‍ക്ക് മുകളില്‍ നീലനിറത്തില്‍ എഴുതിവച്ച ഗംഗയും, യമുനയും, കാവേരിയും എന്തിനു ഹിമാലയം വരെ കണ്ടു അവര്‍ . ഞങ്ങള്‍ വായിനോക്കികള്‍ , ആ കൂട്ടത്തിലേക്ക് ആര്‍ത്തിയോടെ ഉറ്റുനോക്കുകയും, ' ടാ, അവള് മലയാളിയടാ.' എന്ന കണ്ടെത്തലോടുകൂടി, വീണ്ടും ഒരു കപ്പു കാപ്പിയിലേക്കും, അവളെക്കുറിച്ച്ചുള്ള അവലോകനങ്ങളിലേക്കും വിശകലനങ്ങളിലേക്കും മുഴുകി.
ഞങ്ങളുടെ ഊഹം തെറ്റിയില്ല. അവളൊരു മല്ലു. ഗാര്‍ഡന്‍ സിറ്റിയില്‍ പഠിച്ച കോട്ടയം ഗേള്‍ . സന്ദീപിന്റെ കാബിലെ സഹചാരി. പല ടീമുകളായിരുന്ന മലയാളികളെ അവള്‍ ഒരുമിപ്പിച്ചു , വായിനോട്ടത്തില്‍ . കേരളത്തിനകത്തും പുറത്തും കെട്ടിപൊക്കല്‍ (വീടും ഫ്ലാറ്റും ) ബിസിനസ്‌ ഉള്ള അച്ഛന്റെ ഒരേ ഒരു മകള്‍ . പക്ഷെ , ആ പണകൊഴുപ്പില്‍ അവള്‍ കൊഴുത്തുരുണ്ടില്ല, പകരം ഉരുളേണ്ടത് മാത്രം ഉരുട്ടി.
അങ്ങിനെയിരിക്കെ , ഫെബ്രുവരി 14 അല്ലാത്ത ഒരു ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയതിനാലും , മീശയുള്ളതുകൊണ്ടും (മീശ അവള്‍ക്കു ഇഷ്ട്ടം അല്ലാന്നു! ) , എന്റെ സുഹൃത്തുകളുടെ അവസരോചിതമായ ഇടപെടല്‍ മൂലവും ഞങ്ങള്‍ രണ്ടാളും വെറും സമയംകൊല്ലി സുഹൃത്തുക്കളായി മാറി.-- ഹിസ്ടറിയില്‍ താല്പര്യം ഉണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ , ഞാന്‍ പ്രണയാന്ധനാകുന്നതിനു മുന്‍പ് ഈര്‍ക്കില്‍ വച്ച് കണ്ണ് തുറപ്പിച്ചു വച്ചു.--
ഒരു ദിവസം രാവിലെ ഓഫീസിലെത്തി, പതിവ് ചായയുമെടുത്തു ഇന്റേണല്‍ ചാറ്റിലേക്ക് കണ്ണുതുറന്നപ്പോള്‍ അവളുടെ വരമൊഴി :
'ഋഷി എന്നെ പ്രോപോസ് ചെയ്തു . കല്യാണം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്നു. എന്നെ കണ്ടപ്പോലെ ഇഷ്ടം ആയി പുള്ളിക്ക് .'
'എന്നിട്ട് നീയെന്തു പറഞ്ഞു ?'
'എനിക്ക് വിരോധം ഒന്നും ഇല്ല, വീട്ടില്‍ ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു'
'എന്താടി നീ അങ്ങിനെ പറഞ്ഞെ?' നിന്റെ ചീള് ഡിമാന്ടൊക്കെ എന്തെ?'
'അവന്‍ സ്വപ്നം കണ്ടോട്ടെ , ഒന്നും ഇല്ലെങ്കിലും എന്റെ ടീം ലീഡ് അല്ലെ , lol'
'ശരി ശരി, നിന്റെ അപ്രയിസല്‍ എന്നാ ? കല്യാണം കഴിഞ്ഞിട്ടോ അതോ ഇപ്പൊ തന്നെ നടക്കോ ?'
'ഹി ഹി '
' ചിരിക്കെടി ചിരിക്കു' - ചുമ്മാ രസത്തിനു ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഋഷിയുമായി അടുത്ത പരിചയം ഇല്ലെങ്കിലും കണ്ടുപരിചയം ഉണ്ട് .വല്ലപ്പോഴും സംസാരിച്ചിട്ടും ഉണ്ട് . ഒരു സാധാ സാധു മലയാളി. പ്രായധിക്യമെന്ന തോന്നല്‍ സ്വയം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് കല്യാണം കഴിക്കാന്‍ നെട്ടോട്ടമോടുന്നു. അവളുടെ ജാതി വേറെ ആണെങ്കിലും 'കല്യാണം ഒന്ന് കഴിഞ്ഞു കണ്ടാ മതി എന്റെ കൃഷ്ണാ ' എന്ന ആവലാതിയില്‍ , ജാതകം ചേര്‍ന്നാല്‍ കെട്ടാന്‍ സമ്മതിച്ചു ഋഷികുടുബം . ജാതകക്കുറിപ്പ് അവളുടെ അമ്മക്ക് പോസ്റല്‍ . അച്ഛന്‍ മുംബയില്‍ തിരക്കിലായതിനാല്‍ , അമ്മയുടെ മൊബൈലില്‍ വീട്ടുകാരുടെ ആശയവിനിമയം .ജാതകം നോക്കാന്‍ തീരുമാനിക്കുന്നു അവളുടെ അമ്മ, എന്നിട്ട് വിവരം അറിയിക്കാം എന്നും. നിങ്ങള്‍ ഇതിനൊന്നും സമയം കളയണ്ട എല്ലാം ഞാന്‍ നോക്കാം എന്ന സന്തോഷവാക്കും.
മടിപിടിച്ച് ഉറക്കം തൂങ്ങി വന്ന ഒരു തിങ്കളാഴ്ച. ഓഫീസ് കാന്റീനില്‍ ഞാനും അവളും അഭിമുഖമിരുന്നു ഇട്ലി - വട കോബിനേഷന്‍ ചട്ണി - സാമ്പാറില്‍ മുക്കി ശാപ്പിടുന്നു. കുളിച്ചു കുട്ടപ്പനായി ചന്ദനകുറിയും തൊട്ടു വന്ന ഋഷിയെ നോക്കി, നാണം കലര്‍ത്തി അവളൊന്നു ചിരിച്ചു. തിരിച്ചവനും.
' ങ്ങും?' - വട ചട്നിയില്‍ മുക്കി അകത്താക്കുന്നതിനിടയില്‍ അവള്‍ക്കൊരു ചോദ്യശരം.
'ഇന്നാണ് ജാതകം നോക്കുന്നെ. അതാ അമ്പലോം ചന്ദനോം ' - എന്നിട്ടവള്‍ ബാക്കി വന്ന ചട്ണി ഒരു വശത്തേക്ക് കൂട്ടിയിട്ടു , വേസ്റ്റ് ബിന്നില്‍ കളയാന്‍ എളുപ്പത്തിനു.
കൈ കഴുകി തിരിച്ചു വരുമ്പോള്‍ കാന്റീനിന്റെ പുറത്തു നിന്നിരുന്ന ഋഷിയുടെ അടുത്ത് ചെന്ന് അവള്‍ പറഞ്ഞു :
'ഉച്ചയാകുമ്പോഴേക്കും അമ്മ വിളിക്കും. പിന്നേ, ചേര്‍ന്നില്ലെങ്കിലും വിഷമിക്കരുത് . നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ.'
അവന്റെ മുഖത്തേക്ക് വിഷാദം കലര്‍ത്തി ഒന്ന് കൂടി നോക്കി, അവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ 'മീശയില്ലാത്തതാ ഋഷിക്ക് ഭംഗി ' എന്ന കമന്റും.
സമയം തെറ്റിക്കാതെ ഉച്ചക്ക് അമ്മ വിളിച്ചു. ജാതകം ചേരില്ലെന്ന വാര്‍ത്തയറിഞ്ഞു, അവന്‍ കുറെ നാള്‍ വിഷമിച്ചു നടന്നു, ജാതകം ചേരാത്ത വിവാഹം മോശം ആണെന്ന വ്യാഖ്യാനത്തില്‍ അവള്‍ സന്തോഷിച്ചും.
ഞാന്‍ അടക്കമുള്ള പലരും സത്യാവസ്ഥ പറഞ്ഞറിയിക്കേണ്ടി വന്നു അവനു കാര്യം പിടികിട്ടാന്‍ .
---------------------------------------------------------------------------------------------
ഇരകള്‍
ദീപേഷ് - വെള്ളിയാഴ്ചകളില്‍ അവന്റെ ബൈക്കില്‍ കയറി മടിവാള വരെ പോകാന്‍ അവള് കാണിച്ച ഉത്സാഹവും ക്ലീന്‍ ഷേവ് എന്ന പ്ളസ് പൊയന്റും അവന്റെ പെട്രോള്‍ കുറെ കത്തിച്ചു.
സുധീഷ്‌ - സ്വന്തം ഗ്ലാമറില്‍ അവള്‍ വീഴില്ലെന്ന ആത്മവിശ്വാസം കൊണ്ട് , അനിയന്റെ ഫോട്ടോ കാണിച്ചു , അനിയന് വേണ്ടി (അതെങ്കിലും) ലൈന്‍ വലിക്കാന്‍ കുറെ കഷ്ട്ടപെട്ടു കക്ഷി.
ഞാന്‍ - ഉച്ചയൂണിനു കേരള പവലിയനിലേക്ക് ഓട്ടോയില്‍ പോയി വന്നു കുറെ ഓട്ടോ കാശും , ഊണിന്റെ കാശും മുടക്കി.
അങ്ങിനെ പലരും ..

വാല്‍കഷണം - ബാഗ്ലൂരിലെ തന്നെ മറ്റൊരു ഐ ടി സ്ഥാപനത്തിലേക്ക് ജോലി ചാടി, കെട്ടി , കുട്ടിയാകാറായി, കെട്ടിയോനുമായി വിലസുന്നു.
അവളുടെ വീട്ടിലെ യഥാര്‍ത്ഥ വിലാസത്തിലാണ് കുറിപ്പയച്ചതെന്നും അത് ജ്യോതിഷിയെ കാണിച്ച്ചില്ലെന്നതും സത്യം. ഫോണ്‍ സംഭാഷണങ്ങള്‍ക്ക് അമ്മക്ക് മകളോടയിരിക്കും കടപ്പാട്.

2/09/2010

ഒരു കല്യാണതലേന്ന്


കുറേ കാലം ആയി ബൂലോകത്ത് ഇല്ലാതിരുന്ന ഞാന്‍ തിരിച്ചു വന്നപ്പോള്‍ ആദ്യം എത്തിപ്പെട്ടത് എഴുത്തുകാരിയുടെ മുന്നില്‍ .പുള്ളിക്കാരിയുടെ ചില കല്യാണവിശേഷങ്ങള്‍ കണ്ടപ്പോള്‍ അവസാനം ഞാന്‍ പങ്കെടുത്ത ഒരു കല്യാണ വീടിനെക്കുറിച്ച് ഓര്‍ത്തുപോയി.
തലേദിവസം കല്യാണചെക്കന്റെ വീട്ടില്‍ പോകേണ്ടതുകൊണ്ടും അവിടുത്തെ സെറ്റ് -അപ്പിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടും, വരാന്‍ സാധ്യതയുള്ളവരുമായി ഫോണില്‍ കുശലം നടത്തി, ആരെങ്കിലുമൊക്കെ എത്തിയ ശേഷം എത്താന്‍ വേണ്ടി വെറുതെ സമയം വൈകിച്ചു. എന്നിട്ടും ഞങ്ങള്‍ എത്തിയപ്പോള്‍ ചെറുക്കന്റെ വലിയച്ഹനും വലിയമ്മയും മാത്രമാണ് ഞങ്ങള്‍ക്ക് മുന്‍പേ അവിടെ ലാന്‍ഡ്‌ ചെയ്തത്. ' ദാ, ദിപ്പോ എത്യിയുള്ള്' എന്ന് പറഞ്ഞു കുശലാന്വേഷനങ്ങളിലേക്ക് കടന്നു, പിന്നീടു നീണ്ട നിശബ്ദതയിലേക്കും. വീണ്ടും സംഭാഷണം, നിശബ്ദത. ആ പ്രക്രിയ അങ്ങിനെ തുടരവേ പലരും വന്നുകൊണ്ടിരുന്നു .

ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ വെളുപ്പും കറുപ്പും (അതോ തിരിച്ചോ ?) കുപ്പായമിട്ട ഒരുത്തന്‍ നേരത്തെ ശരിയാക്കിയിരുന്നു. (പാത്രങ്ങള്‍ മാത്രം ). ആ പാത്രങ്ങളിലേക്ക് ഐറ്റംസ് പകര്‍ന്നു, എല്ലാം ശരിയയെന്നവന്‍ മുദ്ര കുത്തി. ഈ സമയമാത്രയയിട്ടും കല്യാണചെക്കനെ ആ ഭാഗത്തൊന്നും കണ്ടില്ല. ഷോപ്പിങ്ങിനു പോയതാണെന്ന് ചോദിച്ചറിഞ്ഞു (മോശം ഇല്ലേ അല്ലെങ്കില്‍ ). അങ്ങിനെ അങ്ങിനെ ഒരു ഇരുപതു , അല്ല മുപ്പതു പേരെങ്കിലും അവിടെ എത്തിപ്പെട്ടു. ഷോപ്പിങ്ങ് കഴിഞ്ഞു പ്രതിശ്രുത വരനും. നിറയെ പൂക്കള്‍ കുത്തിക്കേറ്റി ഒരു ഓട്ടോയും വന്നു. അതില്‍ നിന്നും പൂക്കള്‍ കൊണ്ട് പോയി അകത്തു വക്കാന്‍ ഓട്ടോ ഡ്രൈവര്‍ തന്നെ ഉത്സാഹിക്കേണ്ടി വന്നു. ഞാന്‍ ആ സൈടിലേക്കു പോലും നോക്കില്യ. (ഞാന്‍ മാത്രം അല്ല ആരും ).
അധികം കാത്തു നിക്കേണ്ടിവന്നില്ല , ഭക്ഷണത്തിനുള്ള മണിയടിച്ചു (എന്നാ , കഴിക്കല്ലേ എന്നാ ചോദ്യം ) . തീറ്റ കഴിഞ്ഞു മുറ്റത്തെ വാഹനവ്യുഹം ബൈ ബൈ പറഞ്ഞു തുടങ്ങി. ഞാനും മെല്ലെ സ്കൂട്ടാവാന്‍ ഒരു ലിഫ്റ്റ്‌ കിട്ടോന്ന് അറിയാന്‍ അവിടെ ചുറ്റി പറ്റി നിന്നു.നമ്മുടെ കല്യാണ ചെക്കന്റെ വലിയച്ഹനും യാത്രയാകുന്നു. (ലിഫ്റ്റ്‌ കിട്ടാന്‍ ചാന്‍സ് ഉണ്ടേ). ചെറുക്കന്റെ അച്ഛന് കൈ (ചേട്ടനും അനിയനും )കൊടുക്കുന്നു.
മൂത്ത ആള്‍ : 'താങ്ക്സ് , ഫുഡ്‌ വാസ് ഗുഡ് , സീ യു ടുമോറോ '
ചെറുക്കന്റെ അച്ഛന്‍ : 'താങ്ക്സ്, താങ്ക്സ് ഫോര്‍ കമിംഗ് . ഗുഡ് നൈറ്റ്‌ ' .
എന്താദ് , താങ്ക്സ് ? ഇനി ഞാനും താങ്ക്സ് പറയണോ എന്ന് അല്ലോചിച്ചു , കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്തു. പിന്നെ വേഗം വണ്ടി വിട്ടു .