കാലത്ത് നേരത്തേ എഴുന്നേറ്റു. എഴുന്നേല്‍പിച്ചു എന്ന് പറയുന്നതാകും ശരി. കത്തിച്ചു വച്ച നിലവിളക്കിന്റെ സ്വര്‍ണപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കൃഷ്ണനെ കണി കണ്ടു. പിന്നെ, കണ്ണാടിയില്‍ എന്റെ ചപ്പടാച്ചി മോന്തയും. 'വേഗം റെഡിയായാല്‍ അമ്പലത്തില്‍ പോകാം'.
അതിനെന്താ, പോകാലോ. ദാ വന്നു.
ശ്രീകുട്ടനും അനുകുട്ടനും, കണ്ണും തിരുമ്മി സോഫയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടി പിടിച്ച് , പിന്നെ പതുക്കെ പതുക്കെ എഴുന്നേറ്റു. ഇനി അവര്‍ രണ്ടാളും കൂടി വന്നാല്‍ കറക്റ്റ്, ഒരു സൈക്കിള്‍ റിക്ഷയില്‍ അമ്പലം വരെ പോകാം,നടക്കാതെ. ഹരിഏട്ടന്റെ 'മാക്സിമം യുട്ടിലൈസേഷന്‍' ഒരു ഇരയെ നോക്കി അധികം നേരം നിക്കേണ്ടി വന്നില്ല.
ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പന്‍ ക്ഷേത്രം.
ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രയും മലയാളികള്‍ ഇവിടെ ദര്‍ശനത്തിനു വരുമെന്ന്. അതും നല്ല ചരക്കു പെണ്‍പിള്ളേര്. ഈ ഹരി എട്ടന് ഒരു ക്ലൂ തരാമായിരുന്നു, ശ്രീദേവി ചേച്ചിക്കെങ്കിലും. പൂജാരിയുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങി. മഞ്ഞപട്ടില്‍ പൊടിഞ്ഞ് നാണയം, ധാന്യം അങ്ങിനെ.
ഇവിടെ ഈ ദില്ലിയില്‍ , ദില്‍ഷാദ് ഗാര്‍ഡന്‍ കോളനിയില്‍ മലയാളികള്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് വിഷുകണി കാണുന്നു, കൈനീട്ടം കൊടുക്കുന്നു. മലയാളനാട് വിട്ടു പുറത്തു പോകാത്ത എനിക്ക് ഒരു പുതിയ അനുഭവം.
വിഷു, മനസ്സില്‍ കണിക്കൊന്നയുടെ മഞ്ഞ നിറയുന്നു. എല്ലാ വര്‍ഷവും അമ്മ ഒരുക്കുന്ന കണി കണ്ടാണ് ഉണരാര്. അതേ വാത്സല്യത്തോടെ, മറ്റൊരു വീട്ടില്‍ ഞാന്‍ വിഷുക്കണി കാണുന്നു, ശര്‍ക്കരനീരില്‍ മുക്കി വിഷുക്കട്ട തിന്നുന്നു. ആഹാ!
ഞങ്ങള്‍ തിരിച്ചു വന്നപ്പോളേക്കും, ശ്രീദേവി ചേച്ചി അടുക്കളയില്‍ , പകുതി സദ്യവട്ടങ്ങള്‍ തയ്യാറാക്കി വച്ച്, ബാക്കി ഐറ്റംസ് ഉണ്ടാക്കാന്‍ ഒരു കൈ സഹായത്തിനു ഹരിയേട്ടനെ വെയിറ്റ് ചെയ്തു നിക്കാതെ , എരിശ്ശേരിക്ക് നാളികേരം അരചെടുക്കുന്നു.
അന്ന്, എനിക്ക് ഓഫീസില്‍ പോകണം. ഗുര്‍ഗാവ്, സെക്ടര്‍ 32 . പോകാന്‍ ഒരു വിഷമം, ഈ സദ്യ ആര് കഴിക്കും? മനസില്ലാ മനസ്സോടെ ഞാന്‍ റെഡി ആയി. ഇനി ഒരു മണിക്കൂര്‍ ബസ് യാത്ര. ഒരു സാധാരണ ഐ ടി കാരന്റെ തിങ്കളാഴ്ച മടി.
ഇറങ്ങുന്നതിനു മുന്‍പ് ശ്രീദേവി ചേച്ചി, ബാഗില്‍ ഓരോ കൊച്ചു കൊച്ചു പാക്കറ്റുകള്‍ ,ലഘു വിവരണത്തോടെ , (ചക്ക എരിശ്ശേരിയും, പായസവും അടക്കം ) വക്കുമ്പോള്‍ , ഓഫീസില്‍ വച്ച് ഇതെങ്ങിനെ കഴിക്കും എന്നായിരുന്നു മനസ്സില്‍ . അതിലുമുപരി, ഒരു ദില്ലി മലയാളിയുടെ സ്നേഹത്തെകുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. (എനിക്ക് സമയത്തിന് ഊണ് കൊണ്ട് പോകാന്‍ വേണ്ടി മാത്രം ആയിരിക്കണം ചേച്ചി അന്ന് നേരത്തേ എഴുന്നേറ്റു അമ്പലത്തില്‍ പോകാതെ ..)
എയര്‍ ഇന്ത്യയുടെ കൊച്ചിന്‍ - ഡല്‍ഹി ഫ്ലൈറ്റില്‍ , ഡല്‍ഹില്‍ വന്നിറങ്ങുമ്പോള്‍ , പണ്ടെങ്ങോ കണ്ട ശ്രീദേവി ചേച്ചിയുടെ രൂപം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഈ യാത്രക്കുള്ള ഒരുക്കത്തിന് മുന്‍പ് ഫോണില്‍ സംസാരിച്ചതല്ലാതെ അവരോടു നാട്ടില്‍ വച്ച് ഞാന്‍ ഒരിക്കലും മിണ്ടിയിട്ടില്ലയിരുന്നു. പ്രസന്നമായ ഒരു ചിരിയോടെ എന്നെ കാത്തു നിന്ന അവരിലേക്ക്, എന്നില്‍ നിന്നുള്ള അകലം നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതായി. ഒപ്പം, ഗുര്‍ഗാവ് സെക്ടര്‍ 15 ലെ സാന്തോം മെന്‍സ് ഹോസ്റ്റല്‍ ഇല്‍ നിന്നും ദില്‍ഷാദ് ഗാര്‍ഡന്‍ ജെ കെ ബ്ലോക്കിലേക്കുള്ള ദൂരം, ഒരു ദൂരമേ അല്ലായിരുന്നു , ആ കുടുംബത്തിന്റെ സ്നേഹത്തിനു മുന്നില്‍ .
കുറച്ചു കാലമേ ഡല്‍ഹിയില്‍ ഉണ്ടായിരുന്നുള്ളു എങ്കിലും, ഡല്‍ഹിയും, ഒപ്പം വിഷുവും എനിക്കെന്നും പ്രിയപ്പെട്ടതാകാന്‍ കാരണം അവരാണ് .