12/01/2007

ഇലയും കാറ്റും

ഒരിലയെ വീഴ്ത്താനാണു കാറ്റെങ്കില്‍, ഇലയെന്തിന്?
ഒരു കാറ്റേറ്റ് വീഴാനാണു ഇലയെങ്കില്‍,കാറ്റെന്തിന്?

ഒരിലയെ വീഴ്ത്താനണു കാറ്റെങ്കില്‍, കാറ്റെന്തിന്?
ഒരു കാറ്റേറ്റ് വീഴാനാണു ഇലയെങ്കില്‍, ഇലയെന്തിന്?

11/19/2007

ഗന്ധ(മരണ)മാപിനി

കൈത്തലം മാടി, വിളിക്കുന്ന കാറ്റ്,
അകലങ്ങളില്‍ നിന്നും വന്യമായ ഓരി,
നനുനനെ പെയ്യുന്ന മഴക്കും വന്യതയുടെ മേലാപ്പ്.

പിന്നെ, തങ്ങിനില്‍ക്കുന്ന മൃത്യുവിന്റെ ഗന്ധം.

പണ്ട്,
മരണം, ഒരു അവ്യക്തതയായിരുന്നു,
നിര്‍ജീവതയേയും നിര്‍വചിക്കുന്ന പഴമ:
കണക്കുപുസ്തകത്തിലെ തെളിവെടുപ്പുകളും
വിധിവാചകങ്ങളുടെ അനുവര്‍ത്തകതയും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

പിന്നേടെപ്പോഴോ,
മരണം, തിരിച്ചുവരാനാകാത്ത യാത്രയാവുന്നു,
എരിഞ്ഞടങ്ങുന്ന ചിതക്കൊപ്പം
മനസ്സില്‍ നൊമ്പരങ്ങളുടെ വേലിയേറ്റം,
പിന്നെ,
ഭൌതികനശ്വരതയും ആത്മീയ ശാശതത്വവും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

തിരിച്ചറിവുകളുടെ നടുവില്‍,
വിശകലനങ്ങള്‍ക്കും സിദ്ധാദ്ധങ്ങള്‍ക്കുമപ്പുറം,
ശാസ്ത്രത്തിന്റെ കുതിപ്പിനും കിതപ്പിനുമപ്പുറം,
അനിര്‍വചനീയമാകുന്ന മരണം.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

അടുത്തുവരുന്ന കാറ്റിനും,
തീവ്രതകൂടുന്ന ഓരിക്കും,
കനം വയ്ക്കുന്ന മഴത്തുള്ളികള്‍ക്കും മീതേ,
രൂക്ഷമാകുന്ന മൃത്യുവിന്റെ ഗന്ധം.

പക്ഷെ,
അതിനിപ്പോള്‍ മടുപ്പിക്കുന്ന ഗന്ധമില്ല,
അലിഞ്ഞലിഞ്ഞില്ലാതാകുന്ന മറ്റൊന്ന്,
മടുപ്പിക്കാത്ത മരണത്തിന്റെ ഗന്ധം,
നാസാഗഹ്വരങ്ങളിലൂടെ, ..
.പിന്നെ, ..നേര്‍ത്ത് നേര്‍ത്ത്..

11/01/2007

തീയും ഗന്ധഗവും പിന്നെ ഒട്ടകവും

എഴുപത്തഞ്ചിന്റെ പുതുമയിലും കറുത്ത്‌ സുന്ദരികളായ
ബെഞ്ചുകളും ഡെസ്കുകളും നിറഞ്ഞ സെന്റ് തോമസിന്റെ
സ്വന്തം മെഡ്‌ലിക്കോട്ട്‌.

മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ്‌ രോമാഞ്ചകഞ്ചുകിയായ
മെഡ്‌ലിക്കോട്ട്.

കല, രാഷ്ടീയം, സാഹിത്യം എന്നു വേണ്ട സമസ്ത
മേഖലകളിലും കേരളം കണ്ട ഉന്നതരായവര്‍
(പഠിച്ച് വളരുകയും,) ആവശ്യത്തിനും അനാവശ്യത്തിനും
ചവിട്ടി നടക്കുകയും , ഒരുപക്ഷേ ഘോരഘോരം
വായിട്ടലക്കുകയും, അത് കേട്ട്‌ സഹിക്കാതെ,
ഒന്നു നിര്‍ത്തി പോടാ മോനേ എന്ന്‌ ഉറക്കെ
ആത്മഗതമെങ്കിലും ചെയ്തിരിക്കാനിടയുള്ള
നമ്മുടെ മെഡ്‌ലിക്കോട്ട്.

രാത്രിയോ പകലോ എന്ന സദസ്സിന്റെ ചോദ്യത്തിന്,
'അത്‌ വേണ്ട മോനെ, എന്നാലും ചോദിച്ച കാരണം
പറയാം, സിനിമേല്‍ രാത്രിയും പകലും നടക്കും'
എന്ന മണിയുടെ തമാശ(?) കേട്ട്‌ കുലുങിചിരിച്ച
മെഡ്‌ലിക്കോട്ട്.

മൂന്ന്‌ മാസം കോളേജ്‌ സമരമുദ്രാവാക്യങളില്‍ കുളിരണിഞപ്പോള്‍
റ്റ്യൂഷന്‍ കഴിഞ്ഞ്‌ വരുന്ന എന്നേ പോലുള്ളവര്‍ക്ക്‌ ഉണ്ണാന്‍
ജനാല തുറന്ന്‌ അകത്തേക്കാനയിച്ച മെഡ്‌ലിക്കോട്ട്.

ജീവിതത്തിലാദ്യമായി, രാഷ്ടീയ പകപോക്കലിന്റെ പേരില്‍
ഒരുത്തന്‍ മറ്റൊരുത്തനെ വടിവാളുകൊണ്ട് വെട്ടുന്നത്‌ കാണാന്‍
സൌകര്യം ഒരുക്കിത്തന്ന മെഡ്‌ലിക്കോട്ട്.

മെഡ്‌ലിക്കോട്ട് എന്നു കേട്ടാല്‍ ഞാന്‍ ചെറുതായെങ്കിലും ഒന്ന്‌
ഞെട്ടും. അതിനു ഈ പറഞ്ഞ കാര്യങളൊന്നുമല്ല ഹേതു.
അതാണു തീയും ഗന്ധകവും ഒട്ടകവും.

പിടികിട്ടിയോ? എനിക്ക് പിടികിട്ടിയില്ല. ഇപ്പൊളല്ല പണ്ടും.
പണ്ടെന്നു പറഞ്ഞാല്‍, പി ഡി സി രണ്ടാം വര്‍ഷം പഠിക്കുന്ന
കാലം. സോണല്‍ മല്‍സരങള്‍ക്ക് കാലിക്കട്ടില്‍ നോട്ടീസ്‌ വന്നപ്പോള്‍,
ആദ്യപടി കോളേജീന്ന്‌ പ്രധിനിധിയെ കണ്ടു പിടിക്കലാണല്ലൊ.
ഞാനും ചേര്‍ന്നു, കഥ, കവിത ഇത്യാതി. ചുമ്മാ ക്ലാസ്സീ കേറാതെ
അറ്റന്‍ഡന്സ്‌ മേടിക്കാലൊ!

ഇതറിഞപ്പോള്‍ എന്റെ സഹചാരികള്‍ക്കും തോന്നി,
നമുക്കുമായാലെന്താ?
അങിനെ മെഡ്‌ലിക്കോട്ടില്‍. ഇങ്ലിഷ്, മലയാളം എന്നിങനെ
ഇടകലര്‍ത്തി ഇരുത്തീട്ടാണു മല്‍സരം.

നമ്മള്‍ റെഡിയാണ്. ഇനി വിഷയം മാത്രം മതി.
ആകാക്ഷയുടെ നിമിഷങള്‍. എന്തായിരിക്കും വിഷയം?
എന്നാരെങ്കിലും ആലോചിക്കന്‍ പ്രയാസമാണ്. ആ ഹാളിലെ
500ഇല്‍ 490 പേരും എന്നേപോലെ ചുമ്മാ നേരം പോക്കിനു
വന്നവരാണ്.

അപ്പോഴേക്കും ദാ, വിഷയം വന്നു.
തീയും ഗന്ധകവും പിന്നെ ഒട്ടകവും.

ആദ്യം ചിരി വന്നെങ്കിലും പിന്നെ വിചാരിച്ചു,
ഒരു സയന്‍സു ഫിക്ഷനുള്ള സ്കോപ്പുണ്ടല്ലോ.
എഴുതിതുടങി, പണ്ട്, പണ്ട്..
എന്തു പണ്ട്, പണ്ടല്ല, പണ്ടാരം.
ഒരു വകക്ക്‌ എഴുതാന്‍ പറ്റുന്നില്ല.
തീയും ഗന്ധകവും എങിനെയോ കണ്ടു മുട്ടിയെങ്കിലും,
ഒട്ടകം ഒരു കണക്കിനും അടുക്കുന്നില്ല.
അപ്പോ തോന്നിയ ബുദ്ധിക്കു ഞാന്‍ ഒരു കാര്യം ചെയ്തു.
ഒട്ടകത്തിനെ അതിന്റെ പാട്ടിനു വിട്ടേക്കാം.
അല്ലെങ്കിലും ഈ മഴക്കാടുകളില്‍ അതിനെന്തു കാര്യം?
എന്തൊക്കെയായാലും കഥ ഇങനെ അവസാനിപ്പിച്ചു,
' ഇനി ഒട്ടകത്തിനെ എന്തു ചെയ്യണമെന്നറിയാതെ
അയാള്‍ ദൂരേക്കു കണ്ണും നട്ടിരുന്നു'.

ഇതൊക്കെ കഴിഞ്ഞു, ഏതോ ഒരു ഹിന്ദി ക്ലാസ്സിന്റെ
ഇടയില്‍,അറ്റന്ഡന്സിനായി കേറി വന്ന ജോജി പറഞ്ഞതു
കേട്ടു ഞാന്‍ വായും പൊളിച്ചു ദൂരേക്കു കണ്ണും നട്ടിരുന്നു.
'എടാ ഗ്രൌണ്ട് ഫ്ലോറില്‍ നോട്ടീസ്‌ ബോര്‍ഡില്‍ നിന്റെ പേരുണ്ട്‌,
ഫസ്റ്റാട കഥക്ക്!'

10/31/2007

ബിനു, നീ പാര്‍ട്ടിക്ക്‌ വരണം

ബിനു ഒരു മഹാ സംഭവം തന്നെയാട്ടാ!.
അല്ല അങ്നൊന്നുല്ല്യ.എന്നാലും കൊള്ളം പുള്ളി.
അവന്റെ ബ്ലോഗെടുത്ത് നോക്കണം,വന്‍ ജാഡ!.
എന്താ അവന്റെ ഒരു എഴുത്ത്, ഇങ്ലീഷിലേ എഴുതു..
പ്രധാന ചട്ടക്കൂടിന്റെ ഉപദേശകന്‍ , അതാണത്രെ അവന്റെ പണി.
(മെയിന്‍ഫ്രെയിം കണ്‍സള്‍ട്ടണ്ട്‌ എന്നും വേണേല്‍ പറയാം).

ഇതിപ്പൊ ഞാന്‍ അവന്റെ കാര്യം പറയാന്‍ കാരണം ത്രിശ്ശൂരാ.
നമ്മടെ, ത്രിശ്ശൂരെന്നെ.വിശാലന്റെ ഉമ്മറത്ത്ന്ന് ഫാസ്റ്റ് കിട്ടും,
10 രൂവക്ക്.ത്രിശ്ശൂരുന്ന്‌ ഞാന്‍ ആംസ്റ്റര്‍ഡാമിലെത്തി,
കലുങ്കുഷമായി പണി എടുക്കുന്ന കാലം.

(മുകളില്‍ പറഞതില്‍ രണ്ടു പ്രശ്നങളുണ്ട്‌.
കലുങ്കുഷമായി എന്നു പറഞാല്‍ എല്ലം കുട്ടിചോറാക്കി
എന്ന്‌ തിരുത്തി വായിക്കുക. പിന്നെ പണി എടുക്കുന്ന കാലം
എന്നു കേട്ട്‌ വര്‍ഷങള്‍ക്കപ്പുറത്തേക്ക്‌ പോയി വയസ്സ്‌ കൊറക്കണ്ട.
വെറും ഒരാഴ്ച.)

പ്രദീപിന്റെ തട്ടുകട പാര്‍ട്ടിക്കു പൊയേപിന്നെ നാട്ടുകാരെ
മിസ്സ് ചെയ്യുന്ന പൊലെ.(പൊലെ ആണ്. അവരെ ഒക്കെ
മിസ്സ് ചെയ്യന്‍ ആരുക്കു നേരം).
നല്ല നാടന്‍ ബീഫ് ഫ്ര്യയും കൊള്ളിക്കൂട്ടാനും
ചാള വറത്തതും തിന്നട്ടും,മൊത്തം ഗ്യാങിനെ പരിചയപ്പെട്ടിട്ടും,
എന്തോ ഒരു പ്രശ്നം.ട്യൂബ്‌ലൈറ്റ്‌ കത്തീപ്പളല്ലേ..
ഇത്‌ ആംസ്റ്റര്‍ഡാമുമല്ല, ആംസ്റ്റല്‍വീനുമല്ല,
പാല റബ്ബര്‍ മാര്‍ക്കറ്റ്. കൊള്ളീം മീനും മാറ്റി,
' കപ്പയും ഉലത്തിറച്ചിയും'.
ഇങനെ പോയാ പറ്റില്ല്യ, അടുത്ത പാര്‍ട്ടിക്ക്‌ കുറി വരച്ച
ഒരു ത്രിശ്ശൂക്കാനെ കൊണ്ടരണം.

ഇങനെ ഒരു കനലും മനസ്സിലിട്ട്‌ പാലിന്റെ
(പാല്‍ബെര്‍ഗ്‌വെഗ് എന്നും പരയം - ഓഫീസ് ബില്‍ഡിങ്‌)
ഇടനാഴിയിലൂടെ നടക്കുംബോള്‍...എന്താ സംബവന്ന്‌ വച്ചാല്‍,
പരിചയൊള്ളൊരു മൊകം മുറിയന്താട്യൊക്കെ വച്ച്‌ വന്‍ കത്തി.
ഇതവനല്ലേ, ആ ജാഡ, മെക്കിലെ..ഇഛിച്ചതും കല്‍പ്പിച്ചതും പാല്!.
നമ്മടെ ത്രിശ്ശൂക്കാരന്‍. അവനെന്റെ ജൂനിയറായിരുന്നു GECഇല്‍.
ഇതു മതി. എന്തിനധികം.
ഇനിപ്പൊ പാര്‍ട്ടിക്കര്യാം ഒകെ.

എന്നാലും ഈ മൊതലിനെ ഞാന്‍ എങനെ സഹിക്കെന്റമ്മൊ!.
എന്നാലുന്റെ ബിനു.. നിന്നെ ഇവടെ കിട്ടുന്ന്‌ വിചരിചില്ല്യാട്ട!.

ഇനിപ്പൊ, നിന്റെ ജാഡ കൊറക്കണ്ടേ.
പറയട്ടെറാ.. നീ ഓടിപ്പോയ കാര്യം, ഒരെററു വന്നപ്പൊ.
പ്രൊഗ്രാമിലെ എററു്‌ റിസോള്‍വ്‌ ചെയ്യാന്‍ വന്ന പുള്ളി,
പ്രൊഗ്രാം കണ്ടപ്പൊ ചായ കുടിക്കണംന്ന്‌. പീന്നെ ആ സയിടിലിക്ക്‌ വന്നിട്ടില്ല.
എന്നാലും അവനാളു പുല്യാ.

ഞാന്‍ പറഞ്ഞതൊക്കെ മാച്ചുട്ടാ. നെക്സ്റ്റ് പാര്‍ട്ടി മറക്കണ്ട.

10/28/2007

വില്‍പനചരക്ക്‌

വില്‍ക്കാനുണ്ട്.

വയസ് 13.
ജന്മദിനം: ഓഗസ്റ്റ് 12.
സുന്ദരി. തുടുത്ത കവിളുകള്‍.
നല്ല വെള്ളാറങ്കല്ലിന്റെ നിറമുള്ള കണ്ണുകള്‍.
ആരെയും ആകര്‍ഷിക്കുന്ന സൌമ്യമായ സ്വഭാവം.
കൂട്ടത്തില്‍ ഒരു ക്ലോസപ് സ്നാപും.
നോക്കി നിക്കാന്‍ തോന്നും. സുന്ദരി തന്നെ!

ഈ ഫോട്ടോ പോസ്റ്റ്, സ്വിങ്ലിവെഗ്ഗിന്റെ മുന്നിലെ
വിളക്കുകാലിന്റെ A3 സ്പെയ്സ് അപഹരിച്ചതു
ഒട്ടും ശരിയായില്ല.

13 വയസ്സായ സുന്ദരിയെ വില്‍ക്കാനുണ്ടെന്നു പരസ്യം
അടിച്ചിറക്കേ. ആഹാ.. കൊള്ളാല്ലൊ..
ചോദിക്കാനും പറയാനും ആരും ഇല്ലെന്നു വിചരിച്ചൊ..!

ഒരാവറേജ്‌ മലയാളിയുടെ അതേ കോപ്രയം,
തല്‍ക്കാലം വേണ്ടെന്ന്‌ വച്ചു.
അല്ലെങ്കിലും ചോദിക്കാനും പറയനുള്ളോര്‍
തന്നെ പരസ്യം കൊടുത്താല്‍ ഒന്നില്ലെങ്കില്‍ പോയിവാങിക്കാ,
അല്ലെങ്കി മിണ്ടാണ്ടിരിക്ക.
അവര്ക്ക്‌ വല്ല പൈസക്ക്‌ അത്യവശ്യം ഉണ്ടാവേരിക്കും.

അല്ലെങ്കി തന്നെ വെറുതെ ഞാനെന്തിനാ ഈ മുതുക്കി
പൂച്ചേടെ കച്ചോടത്തിനെക്കുറിച്ച് ബേജാറാവ്ണുന്ന്‌.

അവര്ടെ പൂച്ച. അവര്‍ വിറ്റോട്ടെ. നമുക്കെന്തു കാര്യം?

5/01/2007

മാങയേറ്

നാട്ടില്‍ പോകുന്നത്‌ എന്നും സന്തോഷമുള്ള കാര്യമാണ്.
കഴിഞ പ്രാവശ്യം വീട്ടില്‍ ചെന്നപ്പോള്‍ സ്കൂളീന്ന്‌ കൂട്ടബെല്‍ കേട്ട് വീട്ടീചെന്ന്‌
പൊരുത്തലടേടെം ഒരു ലോട്ട കാപ്പിവെള്ളത്തിന്റെം മുന്നിലിരിക്കണ ആശ്വാസായിരുന്നു.
മാങാക്കാലം.. ഒരു സുഖാണേ..

മാങ എന്നും എന്ടെ വീക്ക്‌നസ്സ്‌ ആയിരുന്നു. തൊലികയ്പന്‍,
പ്രിയൂര്, പേരക്കമാങ, പുളിയന്‍കോടന്‍, മൂവാന്ടന്‍,വട്ടമാങ,
നാട്ടുമാങ ഇങിനെ ഒരുപാട്‌ മാങാതരങള്‍ നമ്മുടെ പറബ്ബിലും
ബാക്ക്യൊള്ളോരൊടെ പറബ്ബിലും ഇഷടം പോല്യുന്ടല്ലൊ.
പോരാത്തേന്, പറബ്ബീ പോവാനും മാങ തിന്നാനും ഇഷ്ടം പോലെ സമയൊം.

കാലത്താണു്‌ പോണെങ്കില്, നെലത്ത് വീണ്‍ കെടക്കണത്‌ മാത്രം.
അതും ഞെക്കി നോക്കീട്ട്‌ ഞെങാന്‍ പാടില്ല.
ഞെങ്യോ, ഒറ്റേറ്, അല്ലെങ്കി ചാക്കില്.

ഇനി ഉച്ച കഴിഞാങെങ്കില്, തോട്ടീം കല്ലും ശരണം.
ഒറ്റെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ല, തരം കിട്ട്യാ കൊണ്ടൊം.
മാങ്യണോ അതോ പേരക്ക്യണോ മ്...മ്..നൊ പ്രൊബ്ലം.

അങിനെ സുഖിച്ച് നടന്ന മാങക്കാലം ഓര്‍ത്തു പോയി വീട്ടിലെത്തീപ്പ്പ്പൊ.
തോട്ടുംചള്ളേലെ നാട്ടുമാവുമ്മെ നറചു മാങ.
അങിനെ വിട്ടാ പറ്റില്ലല്ലൊ, ഇതൊരണ്ണം തിന്നട്ട് തന്നെ കാര്യം.
അപ്പളല്ലെ, നമ്മടെ വില്ലന്റെ വരവ്‌. മാവിന്‍ ഇത്തിരി ഉയരകൂടുതല്‍.

സങതി അവിടെ അല്ല, ഭാര്യ ആന്ട് കസിന്‍സ്‌ റ്റെറസ്സിന്റെ മൊളില്.
പിന്നെ ഒന്നും നോക്കീല്ല, കിട്ട്യ കല്ലെടുത്‌ വീക്കി.
വീണത്‌ കല്ലൊ മങയൊന്നു അവര്ക്കു മനസിലയില്ലെങ്കിലും
തിരിചെന്റെ മുന്നിലെത്തീതു മാങയേ അല്ലായിരുന്നു.

അടുത്ത കല്ലെടുക്കണോ അതൊ.. എന്നു ആലൊചിച്‌
ഒരു കല്ലിലെക്കു കയ്യെത്തിചപ്പൊളല്ലെ ഒരു അണ്ണാനു
പറ്റിയ അബ്ധം തുടുത്തു പഴുത്ത മാങയായി തൊട്ടപ്പുറത്. :)

ശേഷം ചിന്ത്യം!