11/19/2007

ഗന്ധ(മരണ)മാപിനി

കൈത്തലം മാടി, വിളിക്കുന്ന കാറ്റ്,
അകലങ്ങളില്‍ നിന്നും വന്യമായ ഓരി,
നനുനനെ പെയ്യുന്ന മഴക്കും വന്യതയുടെ മേലാപ്പ്.

പിന്നെ, തങ്ങിനില്‍ക്കുന്ന മൃത്യുവിന്റെ ഗന്ധം.

പണ്ട്,
മരണം, ഒരു അവ്യക്തതയായിരുന്നു,
നിര്‍ജീവതയേയും നിര്‍വചിക്കുന്ന പഴമ:
കണക്കുപുസ്തകത്തിലെ തെളിവെടുപ്പുകളും
വിധിവാചകങ്ങളുടെ അനുവര്‍ത്തകതയും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

പിന്നേടെപ്പോഴോ,
മരണം, തിരിച്ചുവരാനാകാത്ത യാത്രയാവുന്നു,
എരിഞ്ഞടങ്ങുന്ന ചിതക്കൊപ്പം
മനസ്സില്‍ നൊമ്പരങ്ങളുടെ വേലിയേറ്റം,
പിന്നെ,
ഭൌതികനശ്വരതയും ആത്മീയ ശാശതത്വവും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

തിരിച്ചറിവുകളുടെ നടുവില്‍,
വിശകലനങ്ങള്‍ക്കും സിദ്ധാദ്ധങ്ങള്‍ക്കുമപ്പുറം,
ശാസ്ത്രത്തിന്റെ കുതിപ്പിനും കിതപ്പിനുമപ്പുറം,
അനിര്‍വചനീയമാകുന്ന മരണം.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

അടുത്തുവരുന്ന കാറ്റിനും,
തീവ്രതകൂടുന്ന ഓരിക്കും,
കനം വയ്ക്കുന്ന മഴത്തുള്ളികള്‍ക്കും മീതേ,
രൂക്ഷമാകുന്ന മൃത്യുവിന്റെ ഗന്ധം.

പക്ഷെ,
അതിനിപ്പോള്‍ മടുപ്പിക്കുന്ന ഗന്ധമില്ല,
അലിഞ്ഞലിഞ്ഞില്ലാതാകുന്ന മറ്റൊന്ന്,
മടുപ്പിക്കാത്ത മരണത്തിന്റെ ഗന്ധം,
നാസാഗഹ്വരങ്ങളിലൂടെ, ..
.പിന്നെ, ..നേര്‍ത്ത് നേര്‍ത്ത്..

6 comments:

സിനോജ്‌ ചന്ദ്രന്‍ said...

ചോദ്യശരങ്ങളെറിഞ്ഞു എന്നെ കൊല്ലാതെ കൊല്ലരുത്

വാല്‍മീകി said...

അയ്യോ.. സിനോജിന്റെ കവിത.. ഓടിക്കോ എന്ന് പറഞ്ഞു ഓടാന്‍ തുടങ്ങിയതാ.
പക്ഷെ സംഭവം കൊള്ളാം.

തിരിച്ചറിവുകളുടെ നടുവില്‍,
വിശകലനങ്ങള്‍ക്കും സിദ്ധാദ്ധങ്ങള്‍ക്കുമപ്പുറം,
ശാസ്ത്രത്തിന്റെ കുതിപ്പിനും കിതപ്പിനുമപ്പുറം,
അനിര്‍വചനീയമാകുന്ന മരണം.

നല്ല വരികള്‍.

സഹയാത്രികന്‍ said...

കൊള്ളാലോ മക്കളേ...
സത്യത്തില്‍ എന്താ പറയണ്ടേന്നറിയില്ല...
മരണത്തെ വരച്ചത് നന്നായി
:)

ആവനാഴി said...

ഉം,ദ സ്വീറ്റ് സ്മെല്‍ ഓഫ് ഡെത്!

സിനോജ്‌ ചന്ദ്രന്‍ said...

വാല്‍മീകി, സഹു, ആവനാഴി.. ..നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യുഗങ്ങള്‍ക്കു സാക്ഷിയാകുന്ന മരണത്തെ അതിഗംഭീരമായി വര്‍ണ്ണിച്ചിരിക്കുന്നു...